Tuesday, September 14, 2010

ബാല്യത്തിലേക്ക്

കണ്ണാടിയില്‍ കണ്ട എന്റെ രൂപത്തിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി...പിന്നെയും പിന്നെയും ഞാന്‍ എന്നെതന്നെ നോക്കി.....തികചും അപരിചിതമായ ഒരാളെ നോക്കുമ്പോലെ....        വര്‍ഷങ്ങള്‍ എന്നിലുണ്ടാക്കിയ മാറ്റം എനിക്കു തന്നെ ഒരല്‍ഭുതമാണ്.   ഞാന്‍ വയസ്സിയായിരിക്കുന്നു.                                                                                                          മുടിയിഴകള്‍ക്കിടയില്‍ ഒരുപാട് വെള്ളിനൂലുകള്‍...        കറത്തിരുണ്ട് ഇടതൂര്‍ന്ന മുടിയൊക്കെ എവിടെയാണ് പോയത്?   കണ്ണുകളിലെ കുസ്രുതിയും സ്വപ്നങ്ങളും ഒക്കെ അടങ്ങിയിരിക്കുന്നു പകരമൊരുതരം കല്ലിച്ചഭാവം...  പണ്ട്....പണ്ട് പണ്ട്....ഞാനും കുട്ടിയായിരുന്നു എന്നും എന്നിലും ഒരു യൌവനം ഉണ്ടായിരുന്നു എന്നും കരുതാനെ കഴിയുന്നില്ല...എന്റെ ചിന്തകള്‍ക്ക് പോലും മാറ്റം വന്നിരിക്കുന്നു.        കണ്ണാടി പിന്നെയും എന്നോടു പറഞ്ഞു...നീ വല്ലാതെ കറുത്തിരിക്കുന്നു....                           മാര്‍ദ്ദവമുള്ളതൊലി വെറും ഓര്‍മ്മ മാത്രം...      ചുളിവുകള്‍ വീണ മുഖത്തേക്ക് നോക്കാന്‍ എനിക്കു മടിതോന്നി...     എന്റെ  ശരീരം വല്ലാതെ തടിച്ചിരിക്കുന്നു..അടിതൊട്ടു മുടിവരെ ഒരേ അവസ്ഥ...ഒരു ശരീരത്തിനു ഇങ്ങനേയും മാറാനാകുമൊ?  അതു സുന്ദരമെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. സ്വയമെങ്കിലും തോന്നേണ്ടേ സുന്ദരിയാണെന്നു.....  അങ്ങനേ ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടാക്കിയെടുക്കണമെന്നു എന്നും പറഞ്ഞുതരാറുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...ദൈവത്തിന്റെ സ്രിഷ്ടികള്‍ എല്ലാം ഒന്നിനൊന്നു സുന്ദരമാണെന്ന്...     കാലം മനുഷ്യനെ എങ്ങനെയൊക്കെ മാറ്റുന്നു... എങ്കിലും ഞാനറിയാതെ എന്നില്‍ ഇപ്പഴുംഒരു ശൈശവം ബാക്കിനില്‍ക്കുന്നു. അമ്മയുടെ മടിയില്‍ തലചേര്‍ത്തുകിടക്കുമ്പോള്‍ ഞാന്‍ ഇപ്പഴും കുട്ടിയാണ്....എന്റെയും അമ്മയുടേയും മനസ്സില്‍.....ചപ്രം ചിപ്രം മുടിയുമിട്ടു നടക്കുമ്പോള്‍ പിടിച്ചിരുത്തി മുടികോതിത്തരുന്ന അമ്മ പിന്നെയും എന്നെ ബാല്യത്തിലേക്കു കൈപിടിക്കുന്നു.............എനിക്കറിയാം ....ഞാന്‍ എന്നും അമ്മയുടെ കുഞ്ഞുകുട്ടിയാണ്.....ആ മനസ്സില്‍ എന്നുമുള്ളത് കൈവിരല്‍ തുമ്പുപിടിച്ച് നടക്കുന്ന ആ കുഞ്ഞുമോളോടുള്ള സ്നേഹവും വാത്സല്യവുമാണ്......ഞാനും ഒന്നു തിരിഞ്ഞുനടക്കട്ടെ എന്റെ ബാല്യത്തിലേക്ക്............................................... ഞാനും എന്റെ കുടുംബവും താമസിച്ചിരുന്നതു ഒരു വയലിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു...   വീടിന്റെ കൊച്ചുതിണ്ണയില്‍ ഇരുന്നാല്‍ സുന്ദരമായ വയലുകളാണ് കാണുക..ഞങ്ങളുടെ വീടിരിക്കുന്നതു ഇത്തിരി ഉയര്‍ന്ന സ്ഥലത്താണ്....ചുറ്റും വലിയ തെങ്ങിന്‍തോപ്പാണ്...   അടുത്തുള്ള കുറെ വീടുകളില്‍ ഞാന്‍ മാത്രമാണ് ഒരു പെണ്‍കുട്ടിയായുണ്ടായിരുബ്ബതു....അതോണ്ട്തന്നെ എല്ലാര്‍ക്കുമെന്നോട് ഒരു പ്രത്യേക സ്നേഹമായിരുന്നു ....പക്ഷെ കളിക്കൂട്ടുകാരില്ലാത്തതു എനിക്കു മാത്രമുള്ള സങ്കടമായിരുന്നു..     എന്റെ കൂട്ടുകാര്‍ എന്നും ചെടികളും തുമ്പികളും പൂമ്പാറ്റകളും അണ്ണാറകണ്ണന്മാരും ആയിരുന്നു....പിന്നെ എന്റെ പുന്നാര ചേട്ടായീം....  ചേട്ടായിക്കു പഡിക്കാനുള്ളപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് തൊടിയില്‍ നടക്കും.............................ചെടികളോട് വര്‍ത്തമാനം പറയും....അവരെ ശാസിക്കുക്കുകയും ശിക്ഷിക്കുകയും ഒക്കെ ചെയ്യും......                   വൈകുന്നേരങ്ങളില്‍ഞാന്‍ ചേട്ടായീടെ കൂടെ വയല്‍ക്കരയില്‍ പോകും.....ചെറിയ തോട്ടിലെ ഒഴുകുന്ന വെള്ളത്തില്‍ കാലിട്ടിരിക്കും....വെള്ളത്തിലൂടെ പാഞ്ഞെത്തുന്ന നീര്‍ക്കോലിയെ കാണുമ്പൊ പേടിയോടെ ഓടും.....അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കൂടി ഞാനും ചേട്ടായീം പരല്‍മീനുകളെ പിടിക്കും..                                                                                                               സന്ധ്യക്കുമുന്‍പു വീട്ടിലെത്തി മേല്‍കഴുകി അമ്പലത്തിലേക്കു പോകും...വയല്‍‌വരമ്പിലൂടെ നടന്ന് ആല്‍ത്തറ കടന്ന് കുളത്തിനരികിലൂടെയാണ് അമ്പലത്തിലേക്ക് കയ്യറുക. ആ ആലും കുളവും ക്രിഷ്ണന്റെ അമ്പലവും എന്റെ മനസ്സില്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തി....എനിക്കെന്നും അവിടം ഒത്തിരി ഇഷ്ടമായിരുന്നു....ദീപാരധന കഴിയുമ്പോ ഇരുട്ടിത്തുടങ്ങിയാല്‍ അച്ഛന്‍ ഞങ്ങളെ കൂട്ടാന്‍ വരും..നേര്‍ത്ത ഇരുട്ടില്‍ തവളകളുടേയും ചീവീടുകളുടെയും ഒച്ചയും കേട്ട് വയല്വരമ്പിലൂടെ തിരിച്ചുള്ള നടത്തം.......                                                                                                     അന്ന് ഞങ്ങളുടെ നാട്ടില്‍ ഒന്നു രണ്ട് പീടികകളെ ഉള്ളു. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന അദ്രുമാങ്കുട്ടിക്കയുടെ പീടികയുടെ അടുത്തെത്തുമ്പഴേ നല്ലൊരു ചിരിയോടെ മൂപ്പര് പരിപ്പുകടലയെടുത്തു നീട്ടും. മടിയോടെ അച്ഛന്റെ പിറകിലൊളിക്കുമ്പോ അച്ഛന്‍ പറയും വാങ്ങിക്കൊ......സ്നേഹത്തില്‍ പൊതിഞ്ഞ ആ പരിപ്പുകടല ഞങ്ങള്‍ വാങ്ങിക്കും. അത്യാവശ്യം പലചരക്കും മീനും വാങ്ങി ഞങ്ങള്‍ വീട്ടിലേക്ക് നടക്കും.                                                      ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ ചുരുക്കം വീടുകളിലെ അന്ന് വൈദ്യുതി വിളക്കുകള്‍തെളിഞ്ഞിരുന്നുള്‍ലു.മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്തവെളിച്ചം വീട്ട്മുറ്റങ്ങളില്‍ വിക്രുതമായ ഒരുപാട് നിഴലുകള്‍ സ്രിഷ്ടിച്ചു. അടുക്കള പണി സ്ത്രീകളുടെ മാത്രം പരിപാടിയായി മറ്റിയിരുന്ന ഒരാളായിരുന്നില്ല എന്റെ അച്ഛന്‍. വീട്ടിലെ എല്ല പണികളിലും അമ്മയോടൊപ്പം തന്നെ അച്ഛനും
കൂടിയിരുന്നു. പറ്റാവുന്ന ചെറിയ പണികള്‍ ഞങ്ങള്‍ക്കും പകുത്തു തരുമായിരുന്നു. അച്ഛന്‍ ജോലികള്‍  ചെയ്യുന്നത് അല്‍ഭുത ഭാവത്തില്‍ അടുത്തുള്ളവര്‍ നോക്കുന്നതു എന്തുകൊണ്ടാണെന്നു അന്നെനിക്കറിയില്ലായിരുന്നു. പക്ഷെ അന്നും ഇന്നും അച്ഛന്റെ ആ സ്വഭാവത്തെ ഞാന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കെന്നും മാത്രുകയായിരുന്നതു ഞങ്ങളുടെ അച്ഛനും അമ്മയുമായിരുന്നു.അവര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും ഞാന്‍ എന്നും ഓര്‍ക്കും.....ഞങ്ങള്‍ മക്കള്‍ക്ക് മാത്രമല്ല അടുത്തുള്ളവര്‍ക്കെല്ലാം അവരെ ഒത്തിരി സ്നേഹമായിരുന്നു....രാവിലെ അച്ഛനും അമ്മയും ചേട്ടായിയും സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍  ഞാന്‍ ഒറ്റക്കായിരുന്നുഎന്റെ കളികളും ചിരികളും ഒക്കെ ഒറ്റക്ക്....മുറ്റത്തുനിറയെ ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നു.....ആ ചെടികള്‍ക്കിടയിലൂടെ ഓടിനടന്നും തനിയെ കഥകള്‍ പറഞ്ഞും ഞാന്‍ സമയം കളഞ്ഞു...എനിക്ക് ഞാന്‍ ഒറ്റക്കാണെന്നു ഒരിക്കലും തോന്നിയില്ല. എന്റെ ചുറ്റും ആരൊക്കെയൊ ഉള്ളതുപോലെ...കാണുന്ന പാറ്റയും പറവയും ഒക്കെ എനിക്കു കൂട്ടായിരുന്നു...സ്കൂള്‍ കഴിഞ്ഞുവരുന്ന ചേട്ടായിയോടുപറയാന്‍ എനിക്കൊരുപാടു കാര്യങ്ങളുണ്ടായിരുന്നു....പിന്നെ ഞാനും സ്കൂളില്‍ പോകാന്‍തുടങ്ങി.എനിക്കും ഒരുപാട് കൂട്ടുകാരെ കിട്ടി. എന്റെ കൂടെ കഥകള്‍ പറയാന്‍ പാട്ട് പാടാന്‍ കളിക്കാന്‍ ചിരിക്കാന്‍...അതില്‍ ചിലര്‍ ഒരുപാട് അടുത്തകൂട്ടുകാരായി...ഒന്നു പറഞ്ഞോട്ടെ ....അന്നത്തെ...ആ ഒന്നാം ക്ലാസിലെ കൂട്ടുകാര്‍, ഇപ്പഴും എന്റെ കൂട്ടുകാരാണ്....അടുപ്പം ഒട്ടും കുറയാതെ...അന്നെങ്ങനെ ആയിരുന്നൊ അതെ പോലെ...അതെ സ്നേഹത്തോടെ......................ഞങ്ങടെ ഗ്രമത്തിലൂടെ ഒഴുകുന്ന പുഴയുടെ പേര് മാമ്പുഴ എന്നാണ്. പുഴകടക്കാന്‍ രണ്ട് പാലങ്ങളുണ്ട്..ഒന്നു കണ്ണഞ്ചിന്നമ്പാലവും അടുത്തതു പുഴമ്പുരം പാലവും. വല്യ മഴക്കാലമായാല്‍ പലപ്പോഴും മരപ്പാലങ്ങള്‍ പുഴകൊണ്ടുപോകും.....റോഡിലൂടെ തോണിയിലാണ് ആളുകള്‍ പോവേം വരികയും ഒക്കെ ചെയ്യുക. എന്നാലും ഞങ്ങള്‍ക്ക് മഴക്കാലം സന്തോഷത്തിന്റെ കാലമായിരുന്നു....തുറന്ന ക്ലാസ്സുകളില്‍ കാറ്റില്‍ പാറിവീഴുന്ന മഴവെള്ളത്തില്‍ തണുത്ത് വിറച്ച് ഒട്ടിപ്പിടിച്ച് ക്ലാസ്സില്‍ ഇരിക്കാന്‍....ടീച്ചര്‍ വരാത്ത പീരീഡില്‍ ഒച്ചവെച്ച് അടുത്തക്ലാസ്സുകാരെ ശല്യപ്പെടുത്താന്‍....ഹെഡ് മാസ്റ്ററുടെ ചൂരലിന്റെ ശീല്‍ ശീല്‍ ഒച്ച കേള്‍ക്കുമ്പൊ ഒന്നുമറിയാത്ത പാവം കുട്ടികളായി ഇരിക്കാന്‍ ....അങ്ങനെ അങ്ങനെ.................................................................... പെരുന്നാള്‍ കാലമായാല്‍ അടുത്തവീട്ടിലെ ആയിഷകുട്ടിതാത്തയും ആമിനതാത്തയും സൂറാത്തയും ഒക്കെ മൈലാഞ്ചി ഇട്ടുതരും ..ചക്കയരക്ക് ഉരുക്കി കയ്യില്‍ ചിത്രം വരച്ച് മൈലാഞ്ചി പൊതിതരും...ചൊക ചൊകാന്ന് ചുവക്കും വരെ കയ്യങ്ങനെ പിടിച്ചോണ്ടിരിക്കും....എന്നാലും എനിക്ക് പരാതിയാണ്....അവരുടെയൊക്കെ വെളുത്ത കയ്യില്‍ മൈലാഞ്ചി കിടക്കുമ്പോളുള്ള ഭംഗി എന്റെ നിറം കുറഞ്ഞ കുഞ്ഞിക്കയ്യ്ക്കുണ്ടായിരുന്നില്ല.....അതെന്താ അങ്ങനെ എന്ന ചോദ്യം അമ്മക്കെന്നും ശല്യമായിരുന്നു....ഇപ്പഴും....ഓണവും വിഷുവും പെരുന്നാളും ഒക്കെ ഞങ്ങള്‍ ഒരുപോലെ ആഘോഷിച്ചു......സധനങ്ങളും പലഹാരങ്ങളും പങ്കുവെച്ചു...................................... ഓണക്കാലങ്ങളില്‍ സൌദചേച്ചി ഉണ്ടാക്കിത്തരുന്ന പൂക്കൂടകളും കൊണ്ട് ഞാനും ചേട്ടായീം പൂപറിക്കാന്‍ പോകും...ഉള്ളാട്ടിലെ തൊടിയില്‍ ഒരു പാട് തുമ്പപൂക്കള്‍ ഉണ്ടായിരുന്നു....ആ തൊടിയിലെ കുളത്തിന്റെ കരയില്‍ കാട്ടുതെച്ചി ഉണ്ടായിരുന്നു....വേലിയേരി പൂക്കളും അരിപ്പൂവും, പൂച്ചവാലനും , കാക്കപ്പൂവും ,വയല്പൂവും, പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളും ഒക്കെ പറിച്ച് വട്ടികളീല്‍ സൂക്ഷിച്ചു വെക്കും....മുറ്റത്ത് മെഴുകിയ അത്തപൂക്കളത്തില്‍ പൂവിടാന്‍....അതു കാണാന്‍ ആകെ സന്തോഷം...പിന്നെ ഒരോട്ടമാ...ഓടി അടുത്ത വീട്ടിലെ പൂക്കളങ്ങളൊക്കെ നോക്കും...എന്റെ വീട്ടിലേതാ നല്ലതെന്ന അത്മഗദം ഉറക്കെയാവാതെ ശ്രദ്ധിച്ച് തിരികെ നടക്കും.....അപ്പൊ മാത്രം തലപൊക്കുന്ന പരീക്ഷാപേടിയോടെ.............................................................................................. എന്റെ ഓര്‍മ്മയിലെ മറ്റൊരു വസന്തമാണ് പറച്ചിയും ചക്കിയുമൊക്കെ....അവരെ ഓര്‍ക്കുമ്പഴെ എനിക്ക് വയലും ഞാറും ഒക്കെ ഓര്‍മ്മവരും. ....ഈണത്തിലുള്ള ഞാറ്റുപാട്ടും......... ഞങ്ങടെ കൊച്ചു തിണ്ണയില്‍ ഞങ്ങള്‍ നോക്കിയിരിക്കും....ഞാറുനടുന്നതും അതിന്റെ ഈണവും താളവുമൊക്കെ.....ചിലപ്പൊ അമ്മയോട് സമ്മതം വാങ്ങി വയലിലേക്കോടും....മാഷെ കുട്ട്യോളെ ഞാറുനടാന്‍ പഡിപ്പിച്ചു തരും ദേവിയേച്ചീം ജാനകിയേച്ചീം ഒക്കെ...ചെലപ്പം പറയും ചെളിനാറും കറുത്ത് പോകും വാടിപ്പോകും നിക്കണ്ടാ വെഗം കേറി തണലത്തിരുന്നോളീ കുട്ട്യോളേന്ന്.....ഓര്‍മ്മകള്‍ക്ക് മരണല്ല്യാന്ന് ഞാമ്പറഞ്ഞാ..ഇല്ല്യ ഇന്നത്തെ കാലത്ത് അങ്ങനേം ഉറപ്പിച്ചൂടല്ലൊ...എപ്പഴാ അല്‍ഷിമേഴ്സ് ........ ഇനീം ഒരുപാടുണ്ട് ഓര്‍ക്കാനും പറയാനും....ഈ കണ്ണാടി   എന്നെ വലിച്ചു കൊണ്ടോയതാ പഴയകാലത്തേക്ക്...എങ്കിലും എനിക്കറിയാം എനിക്കൊരു തിരിച്ചു പോക്കില്ല....ബാല്യത്തിലേക്ക്.....മനസ്സുകൊണ്ടല്ലാതെ.....

Monday, April 26, 2010

ഇന്ന് പെയ്ത മഴയും എന്റെ ആത്മഗദങ്ങളും

നല്ല മഴയായിരുന്നു......
കാറ്റും ഇടിയും ഒക്കെ അകമ്പടിയുണ്ടായിരുന്നു.....
ഞാന്‍ പതുക്കെ മുറിയില്‍നിന്നും പുറത്തിറങ്ങി, മുകളിലെ നിലയില്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു...ഒരുനിമിഷം...
എന്നെ കുളിര്‍പ്പിച്ചുമഴചാറല്‍ മേത്തേക്കുവീണു....ഞാന്‍ അറിയാതെ ഒന്നുചിരിച്ചു.....
                                   മുറ്റത്തുപൂത്തുനില്‍ക്കുന്ന മൈസൂര്‍മുല്ലയുടെ ചുവട്ടിലേക്കായിരുന്നു പിന്നെ എന്റെ നോട്ടം.
കാറ്റത്ത് പൊഴിഞ്ഞുവീണ മുല്ലയിതളുകള്‍കൊണ്ട് ഒരു വലിയ പൂക്കളം
ഞാന്‍ നേരിയ കുശുമ്പോടെ ഓര്‍ത്തു...ദൈവം എന്തൊരു സൌന്ദര്യ കൊടുത്തിരിക്കുന്നെ ഈ മുല്ലപൂവുകള്‍ക്ക്...പക്ഷെ ആയുസ്സ്.......
അതൊര്‍ത്തപ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പും ഉതിര്‍ന്നു. പിന്നെ ചിന്തിച്ചപ്പൊള്‍ തോന്നി....ഒരുപാട് നീണ്ട ആയുസ്സില്‍ എന്തിരിക്കുന്നു...? ജീവിക്കുന്ന കാലത്തു മറ്റുള്ളവര്‍ക്കു സന്തോഷകരമായി ജീവിക്കന്‍ കഴിയുക...കണ്ണിനും മനസ്സിനും ആനന്ദം നല്‍കുക...പിന്നെ സുഗന്ധംകൊണ്ട് ചുറ്റുപാടും നിറയ്ക്കുക...ഇതിലും വലിയൊരു നന്മയുണ്ടോ...?
ഇനിഒരു ജന്മമുണ്ടെങ്കില്‍ എനിക്കും ഒരു മുല്ലപ്പൂവാകണം..അതൊ മുല്ലചെടിയൊ....?
മഴയൊന്നൊതുങ്ങിയപ്പൊ ഈയ്യാംപാറ്റകള്‍ പൊങ്ങിപ്പറന്നു..പാവം മഴപാറ്റകള്‍....അവയ്ക്കെന്താണാവൊ ഇങ്ങനെ പറന്നിട്ട്...ഈ മഴനനഞ്ഞ് തൂവലുകള്‍ അടര്‍ന്ന് ഭൂമിയിലേക്ക്തന്നെ വീഴുന്നു.....കഷ്ടം....
മുറ്റത്ത് ഒഴുകിയെത്തിയമഴവെള്ളം കണ്ടപ്പൊ എനിക്കൊരാശ...ഒരുകടലാസുതോണിയുണ്ടാക്കണം...ഉണ്ടാക്കി...പക്ഷെ പണ്ടത്തെപോലെ നീറ്റിലിറക്കിയില്ല...
മധ്യവയസ്സെത്തിയഞാന്‍ അതു ചെയ്താല്‍....! എന്റെ മനസ്സിന്റെ കുട്ടിത്തം ഞാന്മാത്രല്ലെ അറിയു...ഹ ഹ ഹ ...എനിക്കു പിന്നേം ചിരിവരുന്നു....
         നനഞ്ഞു കുതിര്‍ന്ന മരങ്ങള്‍കാണാനെന്തൊരു ഭംഗി...ഞാനിടക്കോര്‍ക്കാറുണ്ട്...നമ്മള്‍ ദിവസവും രണ്ടുനേരം കുളിക്കാറുണ്ട് എന്നിട്ടും എന്തൊരു ചൂടാ എന്നു സങ്കടപ്പെടും...പാവം ഈ മരങ്ങള്‍ക്ക് കുളിക്കണോന്ന് തോന്നൂല്ലെ?
ആ ആര്‍ക്കറിയാം...അല്ല മഴക്കാലത്ത് 24 മണിക്കൂറും അവരു കുളിക്കുവല്ലെ..അപ്പൊ ഇങ്ങനെ മതി...
     ഒരു നേര്‍ത്ത വെയില്‍....ചാറ്റല്‍ മഴയും...കുറുക്കന്റെ കല്ല്യാണാണൊ?....ഇന്നലെ രാത്രീല് കുറുക്കന്‍ കൂവുന്നത് കേട്ടാരുന്നു...ഏതായാലും എന്നെ കല്ല്യാണം വിളിച്ചില്ല....
                   ഇപ്രാവശ്യം മാവിലൊന്നും മാങ്ങ ഒരുപാടില്ല..എന്താണാവൊ അങ്ങനെ...?
സാധാരണ ഞങ്ങടെ മാവുനിറയെ മാങ്ങയുണ്ടാവണതാ..എന്തൊ ഇപ്രാവശ്യം ഒട്ടും ഇല്ലാന്നു പറയാം...
ഞങ്ങടെ മാവിലെ മാങ്ങയ്ക്ക് നല്ല മണാണ്...കൊതിവരും...പക്ഷെ മാമ്പഴം കടിക്കുമ്പ്ഴാ.....ഒരു രസവും ഇല്ലാത്ത മാങ്ങ...അതോണ്ടന്നെ അമ്മ അതു പഴുക്കാനിടാറില്ല. നേരത്തെ പറിച്ചു അച്ചാറിടും.
           മഴ കുറഞ്ഞു..ഇപ്പൊ ചെറിയ ചാറ്റലും ഇലപെയ്യലും മാത്രായി...എന്റെ ആരിവേപ്പ് നമസ്കരിച്ചുനിക്കണു...എന്തൊരു ബഹുമാനം കാറ്റിനോട്....ഇത്രയൊക്കെകുനിയണമായിരുന്നൊ?
രണ്ട്ദിവസമായി ഞാനതിന്റെ  ഇലകള്‍ പറിക്കാന്‍ കഷ്ടപ്പെടുവായിരുന്നു..എത്ര ചാടീട്ടാ ഇച്ചിരി  ഇലകള്‍ തന്നതെന്നറിയുവൊ....എന്തോരു ഗമയായിരുന്നു......ഇപ്പൊ അവന്റെ ഗമയൊക്കെ പോയി...പാവം...
ആകാശത്തിനിയും കറുത്തമേഘങ്ങള്‍ ഒരുപാടുണ്ട്...എന്തിനാ അവ പെയ്യാതിരിക്കുന്നെ?
ഇതാണ് കുശുംബത്തരം.....ഇങ്ങോട്ട് വന്നാലെന്താ...? ഞാനിവിടെ കാത്തിരിക്കുന്നു എന്നറിയൂല്ലെ...?
                         ദേ......ഇവിടെയൊക്കെ വെളുത്ത ലില്ലിപ്പൂക്കള്‍(അങ്ങനന്ന്യാണൊ എല്ലാരും അതിനെ വിളിക്കുകാന്നെനിക്കറിയൂല്ല...വള്ളമാത്രല്ല കനകാംബര നിറത്തിലും ണ്ടാവാറുണ്ട് അത്...വേനലില്‍ വിരിയുന്ന സുന്ദര പുഷ്പം...)ഏപ്രില്‍ മെയ് അവരുടെ മാസാണ്....പിന്നെ നിലനാരകത്തിന്റെ വെളുത്ത പൂക്കളും...
രണ്ട്പേരേം എനിക്കൊരു പാട് ഇഷ്ടാ....പണ്ട് ഞാനീ നിലനാരകത്തിന്റെ പൂക്കള്‍കൊരുത്തു മാലകെട്ടി സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു...എന്തൊ ഒരു പ്രത്യേക ഭംഗിയാണാ പൂവുകള്‍ക്ക്...
 ശ്ശോ......................ഞാന്‍ ഞെട്ടിപ്പോയി....
പൂച്ചകള് കടിപിടികൂടിയ ഒച്ചയാരുന്നു..ഇങ്ങനെ ഞെട്ടാവോ.....എന്റെ ഒരു കാര്യം...
വെളുപ്പില്‍ ഗ്രേ കളറില്‍ പുള്ളികളുള്ള ഒരു സുന്ദരനും കറുപ്പും പറയാനറിയാത്ത എന്തൊക്കെയോ കളറുകളുള്ള ഒരു ഭീകരനും...അവരെ തല്ലുകൂടാന്‍ സമ്മതിക്കാതെ എന്റെ അമ്മ ഓടിച്ചു...അമ്മ എപ്പഴും ഇങ്ങനാ....ആരും ഒച്ചവെക്കുന്നതു കേള്‍ക്കാന്‍ വയ്യ ...അമ്മയ്ക്കിഷ്ടം അമ്മമാത്രം ഒച്ചവെക്കുന്നതാ.. ഇതു കേള്‍ക്കേണ്ടാ എനിക്കു തല്ല് കിട്ടും .ഞാനിപ്പഴും അമ്മേടെ കുഞ്ഞുമോളല്ലെ...
   ചെറിയൊരു കാറ്റുവീശി...പിന്നേം മുല്ലപ്പൂമണം. മഴനനഞ്ഞിട്ടും എന്താ മുല്ലപ്പൂവിന്റെ മണം പോവാത്തെ...?ആ.....എനിക്കറിയൂല്ല..അതങ്ങനാരിക്കും...എത്ര ശ്രമിച്ചാലും പോകാത്ത നന്മയുടെ മണം.....
ഉപ്പന്റെയും കുയിലിന്റെയും കുളക്കൊഴിയുടേയും പേരറിയാത്ത ഏതൊക്കെയൊ പക്ഷികളുടെയും ശബ്ദം കേള്‍ക്കുന്നു...മഴപോയതിന്റെ സന്തോഷാണോ....? അതൊ....തണുപ്പുവീണതിന്റെയോ.....?
ഇപ്പൊ പറമ്പിലൊക്കെ ഒരുപാട് പക്ഷികളെകാണാറുണ്ട്...അതൊന്നും സ്ഥിരമായി ഇവിടെ വരുന്നവരല്ല...എനിക്കുതോന്നുന്നു ദേശാടനപക്ഷികളാണെന്ന്...കുഞ്ജലംകെട്ടിയ വാലുള്ള ഓലേഞ്ഞാലികളും ഉണ്ട്...
ഇപ്പൊ സ്ഥിരായിട്ട് അതില്‍ രണ്ട്പേര്‍ എന്നെകാണാന്‍ വരാറുണ്ട്..ഒരാണും ഒരുപെണ്ണൂം....അങ്ങനെ ഞാന്‍ പറഞ്ഞതു ...അവരെപ്പഴും ഒന്നിച്ചാ...
എന്റെ ജനലരികത്ത് ഒരാള്‍ വന്നിരുന്നാല്‍ മറ്റെയാള്‍ സര്‍വ്വീസ് ലൈനില്‍ വന്നിരുന്നു അതിനെ തന്നെ നോക്കിയിരിക്കും..അപ്പൊ ജനലരികില്‍നിന്ന് ഈ കിളിയും അതിന്റടുത്ത് പോയിരിക്കും. ഇത്തിരി കഴിയുമ്പൊ പിന്നേം ജനലില്‍ വന്നു പറ്റിപിടിച്ച് ഗ്ലാസ്സില്‍ കൊത്തിനോക്കും..ഞാനടുത്തേക്കുചെന്നാല്‍ പാറി കുറച്ചകലെ മാറി നില്‍ക്കും ...ഞാനാ ജനല്‍ പാളി പതുക്കെ തുറന്നിടും ..വീണ്ടും ആ കിളി വന്ന് അഴികളില്‍ പിടിച്ചിരുന്ന് ഉള്ളിലേക്ക് സൂക്ഷിച്ചുനോക്കും..കൂടുകൂട്ടാന്‍ പറ്റുന്നിടമുണ്ടോ എന്നു നോക്കുകയാണൊ എന്തൊ......??
ആദ്യം ഇങ്ങനൊക്കെ എനിക്കു മനസ്സില്‍ തോന്നി. പിന്നെ ദിവസവും ഈ കാഴ്ചകാണാന്‍ തുടങ്ങി.....ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കതിലെ കൌതുകം കുറഞ്ഞു. ഇപ്പൊ അവരു വരുമ്പോ നിത്യസന്ദര്‍ശകരായതിനാല്‍ ഞാന്‍ വെറുതെ ഇരിക്കാറെ ഉള്ളു...എങ്കിലും എനിക്കവരെ ഇഷ്ടാണ്‍ ട്ടൊ....
            അക്കുമോന്റെ ബിന്ദുആന്റീ എന്ന വിളികേട്ട് ഞാന്‍ നോക്കി...അവനെന്തോ കഥ പറയാനുള്ള വരവാണ്...
ഞാന്‍ എഴുതുന്നതു കണ്ടാവണം ഒന്നുല്ല്യാന്നും പറഞ്ഞ് ഇറങ്ങിപ്പോയി...പക്ഷെ ക്ഷമനശിച്ചെന്നോണം പിന്നേം താഴെനിന്നും പറയുന്ന കേള്‍ക്കാം.....“എന്തൊ എഴുതുകയാണ്, എന്നോട് മിണ്ടീല്ല“. അമ്മ ഉറക്കെ എന്നെ വിളിച്ചു...ഞാന്‍ അവനായി വാങ്ങികൊണ്ടുവന്ന എഗ്ഗ് പഫ്സ് ആണു അവന്റെ അക്ഷമയ്ക്ക് കാരണം എന്ന്...ഞാന്തന്നെ എടുത്ത് കൊടുക്കണമ്പോലും.
പാവം കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ്. ഞാനും കുഞ്ഞായിരുന്നങ്കില്‍ അങ്ങനെയാ ഒരുനിമിഷം എനിക്കു തോന്നീത്..ഏതായാലും ആ നിഷ്കളങ്കമായ അക്ഷമ തീര്‍ക്കട്ടെ ഞാന്‍ ...വീണ്ടും പെയ്യുമെന്നു ഞാന്‍ കൊതിക്കുന്ന മഴക്ക് വേണ്ടി കാത്ത് ഞാന്‍ ഇവിടെ ...മനസ്സില്‍ കുളിരും നിറച്ച്...അവനെപോലെ ഒരു കുഞ്ഞുകുട്ടിയായി അവനോടൊപ്പം പോയി കളിക്കട്ടെ...തിരിച്ചുകിട്ടാത്ത ബാല്യം ഒരു നെടുവീര്‍പ്പില്‍ ഒതുക്കട്ടെ.

Monday, April 5, 2010

എന്റെ ഇന്ദു

എന്റെ വിരലുകള്‍ വിറയ്ക്കുകയായിരുന്നു.......
അവളെ പിരിയുന്നതിന്റെ നൊമ്പരം  മനസ്സിനെ വല്ലാതെ കരയിച്ചുകൊണ്ടിരുന്നു...
ഒരോ അക്ഷരങ്ങള്‍ ടൈപ് ചെയ്യുമ്പോഴും എന്റെ വിരലുകള്‍ മുറിഞ്ഞിട്ടെന്നപോലെ എന്റെ കണ്ണുകള്‍ നിറഞ്ഞുകൊണ്ടേ ഇരുന്നു.............
കണ്ണീരില്‍ മുങ്ങി അക്ഷരങ്ങള്‍ കാണാതായപ്പോള്‍ ഞാന്‍ ചിരിച്ചു....

അവളുമായി ചാറ്റ് ചെയ്യുമ്പോള്‍ എന്നും എനിക്കു ഞാന്‍ ഒരു കുട്ടിയായതുപോലെ തോന്നുമായിരുന്നു....
                                           എന്റെ ഇന്ദു.......അവള്‍ എനിക്കാരെന്നു .....എനിക്കുതന്നെ അല്‍ഭുതമാണു...
അവളെന്റെ കളിക്കൂട്ടുകാരിയാണു...എന്റെ കുഞ്ഞനുജത്തിയാണു....എന്റെ ചേച്ചിയാണ്....അമ്മയാണ്...ചിലപ്പൊ അമ്മായിയമ്മയും....
ഇത്ര നിഷ്കളങ്കമായി ചിന്തിക്കാനും പെരുമാറാനും  കഴിയുന്ന ഒരാള്‍ ...ഞാന്‍ അദ്യമായാണ് ഇങ്ങനൊരാളെ കാണുന്നതു....എനിക്കു വാക്കുകള്‍ പോരാ അവളെപറ്റിപറയാന്‍....
പക്ഷെ ഇപ്പൊ.....അവളെനിക്കു സങ്കടം തരുന്നു.....
അവള്‍ എന്നില്‍ നിന്നും പിരിഞ്ഞുപോകുന്നതു എനിക്കു സങ്കടമാണ്...
വേര്‍പാട് കുറഞ്ഞനാളേക്കാണെങ്കിലും അതെനിക്കു ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി തോന്നുന്നു....
ഒരു വലിയ നാളത്തെ വേര്‍പാട് ....അതുണ്ടാക്കുന്ന നീറ്റലാണെന്റെ മനസ്സില്‍....
എന്റെ കൊചുനൊമ്പരങ്ങളില്‍ ഓടിച്ചെന്നു തലചായ്കാന്‍ ഒരു മടിത്തട്ട്...എന്റെ കുശുമ്പത്തരങ്ങളില്‍ എന്നോടൊപ്പം കുശുംബുകുത്താന്‍...എന്റെ പൊട്ടിച്ചിരികളില്‍ കൂടാന്‍ ഒക്കെ ഒരാള്‍
പുറത്തും അകത്തും ഉഷ്ണം.....എന്റെ മനസ്സിന്റ നീറ്റലകറ്റാന്‍ ഒരു മഴതുള്ളികുത്തി....
പുറത്തെ ഇരുട്ടിലേക്കു ഞാന്‍ വീണ്ടും സൂക്ഷിച്ചു നോക്കി...
എന്റെ നോവറിഞ്ഞപോലെ മഴ ചാറി നോക്കി....
എന്റെ മനസ്സുപോലെ ആര്‍ത്തുപെയ്തു.....ഒപ്പം എന്റെ മിഴികളും .....
നാളെ അവള്‍ പുറപ്പെടുകയാണ്....എന്റെ സ്നേഹതീരത്തു എന്നെ തനിച്ചാക്കി....
എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ....ഞാന്‍ ഇവിടെ കാത്തിരിക്കും....നീവരുന്നതും നോക്കി...ഈ കത്തുന്ന സൂര്യന്റെ കനല്‍ചൂടില്‍ വെന്തുനീറി....അതിലുമധികം നീറ്റലോടെ...ഒരു കുളിരുന്ന മഴക്കാലവുമായി നീ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഈ പടിപ്പുരയില്‍ ഞാന്‍ ഉണ്ടാകും ...സ്നേഹത്താല്‍ നിറഞ്ഞ മിഴികളുമായി........

Wednesday, January 13, 2010

വിഭ്രാന്തികള്‍...

സ്നേഹം വേദനയാണോ?
വിങ്ങുന്ന, കുത്തിക്കീറുന്ന  വേദന
അങ്ങനെയൊരു സ്നേഹത്തിനു വേണ്ടിയോ മനുഷ്യന്‍ പരക്കം പായുന്നത്?
പരിമിതികള്‍ കല്പിക്കപ്പെടുന്ന മനുഷ്യന് സ്നേഹത്തിനും ഉണ്ടോ പരിമിതികള്‍...?
ഇല്ല ....എന്‍റെ മനസ്സില്‍ സ്നേഹത്തിനു പരിമിതികളില്ല....
അല്ല എല്ലാവരും എന്നെപോലെ തന്നെയാവാം ..
സാഹചര്യങ്ങള്‍ മനുഷ്യനെ ഓരോരൂപങ്ങളിലേക്ക് എത്തിക്കുന്നതാകാം...
സാഹചര്യങ്ങളെ പോലും പലപ്പോഴും ആര്‍കും ഉള്കൊളളാനാവില്ല...
പിന്നെയുമുണ്ട്‌....
എന്‍റെ മനസ്സിലെ കളങ്കമില്ലായ്മ പലപ്പോഴും എനിക്കുമാത്രമേ മനസ്സിലാകു...
അതുപോലെ തിരിച്ചും....
ഇതറിയുന്നവര്‍ പോലും ആവലാതി പറയും...എന്നിട്ടും എന്നെ തിരിച്ചരിയുന്നില്ലല്ലോന്നു ....
ആര്‍കും ആരെയും അറിയാന്‍ കഴിയുന്നില്ല...
എന്തെ അങ്ങനേ....?
എന്‍റെ നെഞ്ച് വിങ്ങുന്നപോലെ....
ഇതും സ്നേഹത്തില്‍ നിന്നാകുമോ....?
ആയിരിക്കാം .... ലോകത്തിന്റെ അടിസ്ഥാനം പോലും അതിലല്ലേ...?
എനിക്കും എല്ലാവരെയും നല്ലപോലെ സ്നേഹിക്കാന്‍ കഴിഞ്ഞെങ്കില്‍ ..
എന്നെപോലെ തന്നെ അവരെയും കാണാന്‍ കഴിഞ്ഞെങ്കില്‍...
വെറുതെ.....ഒക്കെ വെറും തോന്നലുകളാണ്....
ഒരിക്കലും പാലിക്കപ്പെടാന്‍ ഇടയില്ലാത്ത വെറും തോന്നലുകള്‍....
മനസ്സിന്റെ വിഭ്രാന്തികള്‍.....

Monday, December 21, 2009

നിമിഷത്തിന്റെ വില

ദിവസങ്ങള്‍ കടന്നുപോകുന്നത് ...എനിക്കുവേണ്ടിയല്ല എന്ന് തോന്നുന്നു....ഞാന്‍ ആഗ്രഹിക്കുന്നുല്ല അത്...(ഞാനും നിങ്ങളെ പോലെ തന്നെ പ്രയമാകാന്‍ കൊതിക്കുന്നില്ല). ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവരെ കണ്ടിട്ടുണ്ടോ....?ഒരു നിമിഷതെപോലും കളയാതവരെ...?ജീവിതത്തെ വല്ലാതെ കൊതിക്കുന്നവരെ...? അങ്ങനെയുമുണ്ട് കൂട്ടത്തില്‍....
എനിക്ക് വട്ടായീന്നു കൂവുന്ന ചില മുഖങ്ങള്‍ ഞാന്‍ കാണുന്നുണ്ട്...അതൊന്നുമല്ല ട്ടോ
ഞാന്‍ കണ്ടിട്ടുണ്ട്...അറിഞ്ഞിട്ടുണ്ട് അവരുടെ വികാരങ്ങള്‍..നഷ്ടപ്പെട്ടുപോയ ,പാഴാക്കിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍....
ജീവിതത്തില്‍ ഇനിയുമെന്തൊക്കെയോ ബാക്കിനിര്‍ത്തി കടന്നു പോകേണ്ടി വരുന്നവര്‍...
മാറാരോഗങ്ങളുടെ പിടിയിലമര്‍ന്നു നാളുകള്‍ എന്നപെട്ടു എന്ന് വിധിയെഴുതപെട്ടവര്‍....
നഷ്ടപെടുന്ന ജീവിതത്തിന്റെ വില തിരിച്ചരിയുന്നവരാണ് അവര്‍...
നഷ്ടപെടുത്തിയ നിമിഷത്തെ ഓര്‍ത്തു കരയുന്നവര്‍...
നാളെ ഞാനും നിങ്ങളും അവരിലൊരാലാവം...
ആവാതിരിക്കട്ടെ എന്ന് പ്രര്ധിക്കാന്‍ മാത്രം കഴിവുള്ളവര്‍....
ഇന്നിന്റെ വിലയെ തിരിച്ചറിയുമോ നമ്മള്‍...?
ഒപ്പം സ്നേഹത്തിന്റെ വിലയും....
ശ്രമിക്കാം ല്ലേ....
ഞാനും ....

Sunday, November 22, 2009

സ്വപ്‌നങ്ങള്‍ മഴയായി പെയ്യുന്നു....

നീണ്ടയാത്രകള്‍കൊടുവില്‍ ഞാന്‍ ഒറ്റപ്പെടലിന്റെ പിടിയിലമരുകയാണൊ?
എന്നോടൊപ്പം നടന്നവരൊക്കെ എവിടെ?
എന്നെ കൈപിടിച്ച് നടത്തിയവരോ?
ആരുമില്ലേ എന്നോടൊപ്പം....?
ഞാന്‍ ഇരുട്ടിലാണോ...അതോ വെളിച്ചത്തിലോ?
ഇനിയെന്റെ യാത്ര എങ്ങോട്ടാവാം ?
എന്റെ ലക്ഷ്യം ...അങ്ങനെ ഒന്നുണ്ടോ എനിക്ക്...?
ഞാന്‍ എന്തിന് വേണ്ടിയാണ് ജീവിച്ചത്?ഇപ്പോഴും ജീവിക്കുന്നത്?
എന്റെ മനസ്സുവിങ്ങുന്നുണ്ട്....അതുമാത്രം ഞാന്‍ അറിയുന്നുമുണ്ട്‌...
എനിക്ക് സങ്കടങ്ങളുണ്ടോ?  സന്തോഷമുണ്ടോ?
എനിക്കറിയില്ല...എങ്കിലും ഞാന്‍ ചിരിക്കാറുണ്ട്....കരയാറില്ല എന്നുപറഞ്ഞാല്‍ അത് നുണയുമാകും...
ഇപ്പോള്‍ നിങ്ങള്‍ ഓര്‍ക്കുകയാകും ഞാനെന്തേ എന്നെകുറിച്ചുമാത്രം പറയുന്നതെന്ന്...
എനിക്ക് എന്നെത്തന്നെ അറിയാന്‍ കഴിയുന്നില്ല....
എന്നെതിരിച്ചറിയാതെ ഞാന്‍ ചുറ്റും നോക്കിയാല്‍ കാണുന്നതൊക്കെ എന്നിലേക്ക്‌ കടന്നു വരുമോ?
അത് തിരിച്ചറിയാന്‍ എനിക്ക് കഴിയുമോ?
അതോണ്ട് ഞാന്‍ എന്നെ പറ്റി മാത്രം പറയാം.....
പതഞ്ഞുയരുന്ന നിലാവിന്റെ പറയാനറിയാത്ത സൌന്ദര്യത്തില്‍ മുഴുകിയിരിക്കുമ്പോള്‍ എനിക്ക് തോന്നുന്നു.....ഞാനാരെയോ കാത്തിരിക്കുകയാണെന്ന്....
നിലാവും നിഴലുകളും ഇടകലര്ന്നികുമ്പോള്‍ എനിക്ക് തോന്നും അവരെന്നെ കളിയാക്കുകയാണെന്നു....
എന്റെ കാത്തിരിപ്പിനെ പറ്റി ഒര്കുമ്പോഴും എന്റെ മനസ്സു തുടികൊട്ടും...
അപ്പോള്‍...അപ്പോള്‍...എന്റെ മനസ്സിന്റെ സ്വപ്നം കാണാനുള്ള കഴിവ് കൈമോശം വന്നിട്ടില്ലായെന്നൊ?
അതെ ആ സത്യത്തെ ഞാനറിയുന്നു..... സ്വപ്നവും സത്യവും തമ്മിലുള്ള അന്തരം....എന്തിന് ഞാന്‍ അതിനെ പറ്റി ഗവേഷണം നടത്തണം .....
ഞാന്‍ അവനെ പറ്റിയാണ് സ്വപ്‌നങ്ങള്‍ കാണുന്നത്....
ആരെ എന്ന നിങ്ങളുടെ മുഖത്തെ ചോദ്യം എനിക്ക് വായിച്ചെടുക്കാം...
അവന്‍.................
ഞാന്‍ അവനെ സ്നേഹിക്കുന്നു....എന്നെപോലെതന്നെ....
അവനോരുമുഖമില്ല...രൂപവുമില്ല....
അവനെങ്ങനെയുമാവാം....
പലപ്പോഴും അവന് പലരൂപമാണ് പല ഭാവമാണ്?
എനിക്കറിയാം അവനെന്നെ അറിയുന്നു...
എന്റെ നോവുകളും നൊമ്പരങ്ങളും അവന്റെതുമാണ് ...
എന്റെ സന്തോഷവും ചിരിയും അവന്റെതാണ്...
എന്റെ സങ്കടവും കണ്ണീരും അവന്റെതാണ്...
എന്റെ എല്ലാവികാരങ്ങളും അവനുമാത്രം അവകാശപ്പെട്ടതാണ്.....
എന്നിട്ടും അവനെവിടെയെന്നു എനിക്കറിയില്ല.....
ഒരുപക്ഷെ എനിക്കായി അവനീ ഭൂമിയില്‍ പിറന്നിരിക്കില്ല....
എപ്പോഴും എന്നോടൊത്തിരിക്കാന്‍ അദൃശ്യനായി എന്റെചുറ്റുമുണ്ടാവാം....
ഒരു കാറ്റായി... ഒരു മഴയായി...ഒരുമഞ്ഞുകണമായി....
ഒര്പൂവായി.....പാടും കുയിലായി...എന്റെ നേര്‍ത്ത അസ്വാരസ്യങ്ങളായി....
എന്റെ ഓരോ ശ്വാസനിശ്വാസങ്ങളിലും  അവനുണ്ടാകാം....
എന്നിട്ടും...എന്നിട്ടും...ഞാന്‍ അറിയുന്നില്ലല്ലോ....
എന്റെ തൊടിയിലെ മഞ്ഞചെമ്പകത്തിന്റെ സുഗന്ധമാണവന്.......
എന്റെ ഉറുമാമ്പഴത്തിന്റെ  പൂവിന്റെ നിറമാണ് അവന്റെ ചുണ്ടുകള്‍ക്ക്....
ഇനിയോ?...എനിക്കറിയില്ല.....
അവന്റെ ചിരി എന്റെ വസന്തമാണ്....
അവന്റെ സങ്കടം എനിക്ക് എന്റെ മരണമാണ്....
അവന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളാണ്....
പാറിവീണ മഴത്തുള്ളികള്‍ എന്റെ ഓര്‍മ്മയുടെ ഒഴുക്കുമുറിക്കുന്നു...
അതവനാകാം.....
എന്റെ ഭ്രാന്തമായ ചിന്തകള്‍ക്ക് വിരാമമിടാന്‍ അവനെന്നിലേക്ക് പാറി വന്നതാവാം...
അതോ, പറഞ്ഞു പറഞ്ഞു ഞാനവനെ മറക്കുമെന്ന തോന്നലാകുമോ?
എന്റെ കണ്ണുകളില്‍ അവനോടുള്ള സ്നേഹമാണ് നിങ്ങള്‍ കാണുന്നത്...
എന്നില്‍നിന്നുയരുന്ന നേര്‍ത്ത മൂളലുകള്‍ പോലും അവനുള്ള എന്റെ സംഗീതമാണ്...
ഇല്ല....കൂടുതല്‍ പറയാതിരിക്കാന്‍ ചീറിയടിച്ചു അവനെന്നെ നനക്കുന്നു....
ഞാനും അവനോടൊപ്പം കൂടട്ടെ....
ഇപ്പോള്‍ ഒരു മഴയായ് .........പിന്നെ.............

Monday, November 16, 2009

ഞാനും കുഞ്ഞായിരുന്നു

ഞാന്‍ ഒര്കുകയായിരുന്നു , ഞാനെന്തേ ഇങ്ങനെയായത്‌ ? എനിക്ക് മറ്റെന്തൊക്കെയോ ആകാമായിരുന്നില്ലേ? സരിയല്ലേ ഞാന്‍ ചോദിച്ചത്‌? എന്നിട്ടും ഞാന്‍ ഇങ്ങനെയേ ആയുള്ളൂ . ഞാന്‍ എപ്പോഴം കൂടുതല്‍ ചിന്തിക്കുന്നത് എന്നെകുരിച്ചുതന്നെയാണ്. അതെന്തുകൊണ്ടാനെന്നുല്ലതിന്റെ ഉത്തരം എന്റെ കയ്യിലുണ്ട്...ഞാനെന്നെയാണ് ഈ ലോകത്തില്‍ ഏറ്റവുമധികം സ്നേഹിക്കുന്നത്..മറ്റാരൊക്കെയോ ആണ് അതിനര്‍ഹ്ര്‍ എന്ന് ഞാന്‍ പുറമെ കാനിക്കാരുന്ടെങ്ങിലും. ഞാനും ഒരിക്കല്‍ ചെറിയ കുഞ്ഞായിരുന്നു എന്നത് എനിക്ക് പലപ്പോഴും അത്ഭുതമാണ്...അതെങ്ങനെ എന്ന ഒരു ഭാവം. എന്നാലും എന്റെ ഓര്‍മയിലുള്ള എന്റെ കുട്ടിക്കാലം എനിക്കൊത്തിരി ഇഷ്ടവുമായിരുന്നു. വയലും പുഴയും അമ്പലവും ആല്‍ത്തറയും ചെമ്പകപൂക്കളും ....നിറയെ മണമുള്ള കുട്ടിക്കാലം . സ്നേഹത്തില്‍ പൊതിഞ്ഞ ഒരു കുട്ടിക്കാലം....ആരോടും പിണക്കമോ വഴക്കോ കുസുമ്പോ ഒന്നുമില്ലാത്ത ഒരുകാലം . അതുമുഴുവനും സന്തോഷത്തോടെ അനുഭവിച്ചത് ഞാന്‍ ആയിരുന്നു എന്നത്തോര്‍കുമ്പോള്‍ എനിക്ക് എന്നോടുതന്നെ അസൂയതോന്നുന്നു. നിങ്ങള്‍ക്കോ നിങ്ങള്കുതോന്നുന്നുടോ ....